2012 മാർച്ച് 20, ചൊവ്വാഴ്ച

ഓര്‍മ്മപ്പെടുത്തലുകള്‍...



മണി അഞ്ചായന്ന് ഉണര്‍ത്തിയത് 
കൂടെ നടക്കുന്ന വാച്ചല്ല 
കൂട്ടിലെ കോഴിയാണ് 
പുത്തന്‍ പള്ളിയിലെ കുര്‍ബാന
ഇന്ന് ഞായറാഴ്ചയാണന്ന്
ഓര്‍മ്മിപ്പിച്ചു
വെള്ളിമുടി കാട്ടിതന്ന കണ്ണാടിയും
മരണ വേഗങ്ങളില്‍
തെക്കൊട്ടോടിയ തീവണ്ടിയും
ഇതൊന്നുമല്ല പറഞ്ഞത്
കുളിയും നനയുമില്ലാതെ
ഭ്രാന്തിയായ തെങ്ങും
അനാഥമായ തേങ്ങയും
സുവര്‍ണ്ണകാലം അനുസ്മരിച്ചു
വിഷു വരുന്നുണ്ടന്നു
മുറ്റത്തെ കൊന്ന അറിയിച്ചു
ധൃതിയില്‍ തിരിച്ചുപോയ
വേനല്‍ മഴയാണ് നാളെ
ചൂട് കൂടുമെന്ന്
ഓര്‍മ്മപ്പെടുത്തിയത്‌.
ലാലൂര്‍ എത്തിയന്നു
മൂക്ക് പൊത്തിയ കാറ്റ്
ചൊറിഞ്ഞ് പൊട്ടിയ ശരീരവും
നൈരാശ്യം ചില്ലിട്ട മുഖവുമായി
ഞങ്ങള്‍ ചക്കംകണ്ടത്ത്കാരാണന്ന്
ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു